പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നു


ജനറേഷന്‍ നായകന്മാര്‍ക്കിടയില്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ആസിഫ് അലി. മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്കകാലത്ത് കിട്ടിയ സൗഭാഗ്യങ്ങള്‍ ഈ കലാകാരനും കിട്ടിയിട്ടുണ്ട്. ആദ്യചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രവുമായി എത്തി പിന്നീട് നായകതാരമായി വളരുക, സിബി മലയിലിനെപ്പോലുള്ള സംവിധായകരുടെ തുടര്‍ച്ചയായ ചിത്രങ്ങളില്‍ നായകവേഷമണിയാന്‍ കഴിയുക, വ്യത്യസ്ത ഇമേജിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുക, സ്വാഭാവികാഭിനയത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുക, തുടങ്ങിയ, താരങ്ങളെ പ്രേക്ഷകരിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ കഴിയുന്ന കാര്യങ്ങള്‍ ഈ കലാകാരന് കൈമുതലായിട്ടുണ്ട്. അടുത്തിടെ റിലീസായ രഞ്ജിത് ചിത്രം ഇന്ത്യന്‍ റുപ്പിയില്‍ അതിഥിതാരമായും ആസിഫ് എത്തി. എല്ലാ തരത്തിലും കാലത്തിനനുയോജ്യമായ സിനിമായാത്ര ചെയ്യുന്ന ആ ചെറുപ്പക്കാരന്റെ വിശേഷങ്ങള്‍.

ഉന്നത്തിലൂടെ സിബി മലയില്‍ ചിത്രത്തില്‍ വീണ്ടും അല്ലേ?

തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. വളര്‍ന്നു വരുന്ന നടന്‍ എന്നനിലയില്‍ ഭാഗ്യമാണത്. സിബിസാറിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ഫ്രീഡം ഉണ്ട്. പരസ്പരം തിരിച്ചറിയുന്ന ഫ്രീഡം. എന്റെ പ്ലസും മൈനസും നന്നായി തിരിച്ചറിയുന്ന സംവിധായകനാണ് സിബിസാര്‍. എന്ത് സംശയം വന്നാലും ഞാന്‍ ചോദിക്കും. അത് ക്ലിയര്‍ ചെയ്തുകൊണ്ടാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഒരുപാട് കാര്യങ്ങള്‍ ആ വലിയ സംവിധായകനില്‍നിന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അപൂര്‍വരാഗങ്ങള്‍, വയലിന്‍, ഇപ്പോള്‍ ഉന്നം. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഉണ്ട്.

നായകകഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രഞ്ജിത്തിന്റെ, പൃഥ്വിരാജിന്റെ ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിക്കാന്‍ കാരണം

ഞാന്‍ അങ്ങനെയൊന്നും നോക്കിയില്ല. രഞ്ജിയേട്ടന്റെ ചിത്രത്തില്‍നിന്ന് അവസരം വന്നപ്പോള്‍ പോയി അഭിനയിച്ചു. പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രമായി അത് മാറിയതില്‍ സന്തോഷം.

പുറത്തിറങ്ങാനിരിക്കുന്ന എ.കെ. സാജന്റെ അസുരവിത്തിനെക്കുറിച്ച്?

ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അസുരവിത്തിലെ ഡോണ്‍ ബോസ്‌കോ. അധോലോകത്തിന്റെ വ്യത്യസ്ത മുഖമാണ് ചിത്രം അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ പുതുമയാണ് എന്നെ ആകര്‍ഷിച്ചത്.



ആസിഫിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് പൊതുവേ പരാതി ഉണ്ടല്ലോ?
സിനിമയെ ഞാന്‍ വളരെ സീരിയസായി കാണുന്നുണ്ട്. ഒരു ചിത്രത്തില്‍ ഒരു കഥാപാത്രമായി അഭിനയിക്കുമ്പോള്‍ പൂര്‍ണമായും ആ മൂഡില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. അതിനിടയില്‍ കടന്നുവരുന്ന ഫോണ്‍ കോളുകള്‍ ശ്രദ്ധനശിപ്പിക്കും. അത് ഞാന്‍ ഇഷ്ടപ്പെടാറില്ല. ഷൂട്ടിങ്ങില്‍ നിന്ന് ഫ്രീയാകുമ്പോള്‍ മാത്രമേ ഞാന്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ. സത്യം പറഞ്ഞാല്‍ മെയില്‍ ചെക്ക് ചെയ്യാനേ പലപ്പോഴും ഞാന്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ.

ജോഷിയുടെ സെവന്‍സ് സമ്മാനിച്ച അനുഭവങ്ങള്‍?

തികച്ചും വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നു. വളരെ എന്‍ജോയ് ചെയ്തുകൊണ്ടാണ് ഞങ്ങള്‍ ഓരോ സീനും പിന്നിട്ടത്. നല്ലൊരു കൂട്ടായ്മയ്ക്ക് ആ ചിത്രം കാരണമായിട്ടുണ്ട്. മലയാള സിനിമയിലെ വ്യത്യസ്ത ശൈലിയുള്ള സംവിധായകരായ ശ്യാമപ്രസാദ്, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ജോഷി, രഞ്ജിത് എന്നിവര്‍ക്കൊപ്പം വര്‍ക്കുചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. സിനിമാലോകത്തുനിന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റാണത്.

ഈ യാത്രയിലെ ഹോം വര്‍ക്കുകള്‍?

വ്യത്യസ്ത ഭാഷകളിലെ സിനിമകാണല്‍ തന്നെയാണ് പ്രധാന ഹോബി. സത്യത്തില്‍ ഞാന്‍ ഏറെ ഇമോഷണല്‍ ആണ്. ഒരു നല്ല സിനിമ കണ്ടാല്‍ അതിന്റെ ഹാങ്ഓവര്‍ വിട്ടുപോകില്ല. ദശരഥവും കിരീടവും കണ്ട് ഞാന്‍ കരഞ്ഞുമറിഞ്ഞിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ സമ്മാനിക്കുന്ന, സിനിമയില്‍ അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

പല സ്ഥലങ്ങളിലും ആസിഫിന്റെ ഫാന്‍സ് രൂപവത്കരിച്ചുകഴിഞ്ഞു. പ്രേക്ഷകരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്?
അതെ, അത് വലിയ ബാധ്യതയായും ഉത്തരവാദിത്വമായും ഞാന്‍ കാണുന്നു. പ്രേക്ഷകര്‍ ഇനിയും എന്തൊക്കെയോ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ സ്‌നേഹനിര്‍ഭരമായ പ്രതികരണങ്ങളില്‍ നിന്ന് അതാണ് മനസ്സിലാക്കേണ്ടത്. അവര്‍ക്ക് എന്തെങ്കിലും പുതുമ ഫീല്‍ ചെയ്യുന്ന ചിത്രങ്ങളുടെ ഭാഗമാകാനുള്ള അന്വേഷണത്തിലാണ് ഞാന്‍.
--------------------------------------------------------------------------------------------------------------------------------------------------------------------------