അധോലോക കഥകള്‍ക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയില്ലേ? മലയാളത്തിലെ ആക്ഷന്‍ സിനിമാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും എക്കാലത്തും ആശങ്കപ്പെടുത്തുന്ന സംശയമാണിത്. മലയാളത്തില്‍ അധോലോക സിനിമകളെക്കാള്‍ കുടുംബചിത്രങ്ങള്‍ക്കാണ് സ്വീകാര്യതയെന്ന് സത്യന്‍ അന്തിക്കാടും കമലും സിബി മലയിലുമൊക്കെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്ഷന്‍ സിനിമകള്‍ക്കുണ്ടാകുന്ന ഇനിഷ്യല്‍ കളക്ഷന്‍ മറ്റ് കാറ്റഗറി സിനിമകള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല, ഇടയ്ക്കിടെ ആക്ഷന്‍ സിനിമകള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന വിജയം നേടാറുമുണ്ട്.
ആര്യന്‍, അഭിമന്യു, ഇന്ദ്രജാലം, സാമ്രാജ്യം, രാജാവിന്‍റെ മകന്‍, മാഫിയ തുടങ്ങിയ അധോലോക സിനിമകള്‍ മലയാളികള്‍ ആവേശപൂര്‍വം സ്വീകരിച്ചവയാണ്. അതുകൊണ്ടുതന്നെയായിരിക്കണം എ കെ സാജന്‍ എന്ന സംവിധായകന് മലയാളത്തില്‍ അധോലോക കഥകള്‍ ചെയ്യാന്‍ പ്രത്യേക താല്‍പ്പര്യമുണ്ട്.
സാജന്‍റെ പുതിയ ചിത്രം ‘അസുരവിത്ത്’ പ്രദര്‍ശനത്തിന് തയ്യാറായി. കൊച്ചി അധോലോകമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ഡോണ്‍ ബോസ്കോ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റാര്‍ പ്രിന്‍സ് ആസിഫ് അലി. സ്റ്റോപ്പ് വയലന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് എ കെ സാജന്‍ അസുരവിത്ത് ഒരുക്കുന്നത്.
സെമിനാരിയില്‍ വളര്‍ന്ന ഡോണ്‍ ബോസ്‌കോ വൈദികവിദ്യാര്‍ത്ഥിയാണ്. ഒരിക്കല്‍ ബിഷപ്പ് ഹൗസിലേയ്ക്കുള്ള യാത്രയ്ക്കിടെ അവന്‍ ആക്രമിക്കപ്പെടുന്നു. ആ സംഭവത്തോടെ, നിഷ്കളങ്കത്വവും അനാഥത്വത്തിന്‍റെ വേദനയുമെല്ലാം അവന്‍ മറക്കുകയായിരുന്നു. അധോലോകത്തിന്‍റെ ഇരുണ്ടലോകത്തേക്ക് അവന്‍ കടന്നെത്തി. അവിടെ അവന്‍ പുതിയ ‘ഡോണ്‍’ ആയി.
ഒരു ബോട്ടില്‍ ജീവനക്കാരിയായ മാര്‍ട്ടിന എന്ന ചിത്രകാരിയായി സംവൃത സുനില്‍ എത്തുന്നു. ‘സ്റ്റോപ്പ് വയലന്‍സി’ലെപ്പോലെ വിജയരാഘവന്‍ തന്നെയാണ് അസുരവിത്തിലും വില്ലന്‍. അബ്ബമോറ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്
--------------------------------------------------------------------------------------------------------------------------------------------------------------------------